Monday, 5 May 2014

കുഞ്ചൻദിനം -മെയ് 5


 

 

തുള്ളന്‍ കവിതകള്‍ എഴുതുകയും അവ അഭിനയരൂപമായി അവതരിപ്പിക്കുകയും ചെയ്ത മലയാള കവിശ്രേഷ്ഠനാണ് കുഞ്ചന്‍ നമ്പ്യാര്‍. മെയ് അഞ്ചാണ് കുഞ്ചന്‍ നമ്പ്യാര്‍ ജയന്തി ദിനമായി കണക്കാക്കുന്നത്. നമ്പ്യാരുടെ മുന്നൂറ്റി ഒന്‍പതാം ജന്മ ദിനമാണ് 2014 ൽ ആഘോഷിക്കുന്നത്.


പതിനെട്ടാം നൂറ്റാണ്ടിലാണ് നമ്പ്യാര്‍ ജനിച്ചതെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. 1705 ലാണിതെന്നാണ് വിശ്വാസം. കിള്ളിക്കുരിശ്ശിമംഗലത്തെ -കലക്കത്തുഭവനത്തില്‍. നങ്ങ്യാരുടെ മകനായിരുന്നു. കലക്കത്തുഭവനം ഇപ്പോള്‍ ഒരു ദേശീയ സ്മാരകമാണ്.

ബാല്യകാല വിദ്യാഭ്യാസം കഴിഞ്ഞശേഷം പിതാവിനോടൊത്ത് കിടങ്ങൂരെത്തിയ നമ്പ്യാര്‍ കുടമാളൂരുള്ള ചെമ്പകശ്ശേരി രാജകുടുംബവുമായി ബന്ധപ്പെട്ടു.

തുടര്‍ന്ന് അമ്പലപ്പുഴ ചെന്ന് ദേവനാരായണ രാജാവിന്‍റെ ആശ്രിതനായിക്കഴിഞ്ഞ മാത്തൂര്‍ പണിക്കരുടെ കീഴില്‍ കളരിയഭ്യാസം നടത്തി. ദ്രോണാമ്പള്ളി നായ്ക്കര്‍, നന്ദിക്കാട്ട് ഉണ്ണിരവിക്കുറുപ്പ് എന്നിവരുടെയടുക്കല്‍നിന്ന് ഉപരിപഠനം നടത്തി.

സുന്ദോപസുന്ദോപാഖ്യാനം തുള്ളലിലും മറ്റും ഈ ഗുരുക്കന്മാരെ നമ്പ്യാര്‍ സ്തുതിക്കുന്നുണ്ട്. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ചെമ്പകശ്ശേരി രാജ്യം കീഴടക്കിയപ്പോള്‍ നമ്പ്യാര്‍ തിരുവനന്തപുരത്തെത്തി.

രാജകൊട്ടാരവുമായി ബന്ധപ്പെട്ടു. മാര്‍ത്താണ്ഡവര്‍മ്മയുടെ കവിസദസ്സില്‍ രാമപുരത്തുവാരിയര്‍, ഉണ്ണായിവാരിയര്‍ എന്നിവരോടൊപ്പം കുഞ്ചന്‍നമ്പ്യാരും ഉണ്ടായിരുന്നു. ദളവാ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയുടെ കാലശേഷം അമ്പലപ്പുഴയ്ക്ക് തിരിച്ചുപോയി.

പേര് രാമനെന്നാണെന്നും രാമപാണിവാദന്‍ എന്ന സംസ്കൃതകവി കുഞ്ചന്‍ നമ്പ്യാര്‍ തന്നെയാണെന്നും മറ്റുമുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

മറ്റു നമ്പ്യാന്മാരെപ്പോലെ കുഞ്ചനും ആദ്യകാലത്ത് ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടിവന്നിരുന്നു. ഒരു ദിവസം കൂത്തിനിടയ്ക്ക് ഉറങ്ങിപ്പോയ അദ്ദേഹം ചാക്യാരുടെ പരസ്യമായ പരിഹാസത്തിന് ശരവ്യനായി.

അതിനും പകരം വീട്ടാനായി പിറ്റേന്നും പകല്‍ എഴുതിത്തയ്യാറാക്കിയ കല്യാണസൗഗന്ധികം തുള്ളല്‍ അന്നു രാത്രിതന്നെ ക്ഷേത്രവളപ്പില്‍ അവതരിപ്പിക്കുകയും ജനങ്ങളെയെല്ലാം അങ്ങോട്ട് ആകര്‍ഷിക്കുകയും ചെയ്തുവെന്നും ഒരു ഐതിഹ്യമുണ്ട്.

ഈ കലയുടെ പ്രാഗ്രൂപം അതിനു മുന്‍പ് തന്നെ നിലവിലിരുന്നതായി കരുതാം. അതിനെ വ്യവസ്ഥാപനം ചെയ്തു പ്രേരിപ്പിച്ചത് നമ്പ്യാരാണ്.

അനേകം തുള്ളല്‍ കാവ്യങ്ങളെഴുതി ജനകീയ കവി എന്ന നിലയില്‍ നമ്പ്യാര്‍ വിഖ്യാതനായി. ഓട്ടന്‍, പറയന്‍, ശീതങ്കന്‍ എന്നീ മൂന്നുതരം തുള്ളലുകള്‍ക്കുള്ള കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിലെ ഇതിവൃത്തങ്ങള്‍ ഇതിഹാസപുരാണങ്ങളില്‍നിന്ന് സ്വീകരിച്ചവയാണ്.

ഈ കഥകളുടെ ചട്ടക്കൂട്ടില്‍ അമ്പലപ്പുഴയിലെയും തിരുവനന്തപുരത്തെയും ജനജീവിത യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമകാലിക പ്രസക്തിയുള്ള കാവ്യങ്ങള്‍ എഴുതാനാണ് അദ്ദേഹം തയ്യാറായത്. 

പുരാണ കഥാഖ്യാനങ്ങളിലൂടെ ഗൗരവപൂര്‍ണമായും ഫലിതമയമായും പരിഹാസരൂപത്തിലും തന്റെ കാലഘട്ടത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങളേയും മനുഷ്യദൗര്‍ബല്യങ്ങളെയും പ്രശ്നങ്ങളെയും ചിത്രീകരിക്കാന്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 

കേരളീയ ഭരണാധികാരികള്‍, നായന്മാര്‍, നമ്പൂതിരിമാര്‍, പരദേശ ബ്രാഹ്മണര്‍ തുടങ്ങിയവരെ അദ്ദേഹം നിശിതപരിഹാസത്തിനു വിഷയമാക്കി. ജനസാമാന്യത്തിന്‍റെ സംഭാഷണ ഭാഷ കവിതയില്‍ സ്വതന്ത്ര്യമായി പ്രയോഗിച്ചത് കൃതികള്‍ക്കുള്ള മറ്റൊരു സവിശേഷതയാണ്. 

സന്താനഗോപാലം, ബാണയുദ്ധം, സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, സീതാസ്വയംവരം എന്നിങ്ങനെ 23ല്‍ പരം ഓട്ടന്‍ തുള്ളലുകളും, കല്യാണസൗഗന്ധികം ഗണപതിപ്രാതല്‍, സുന്ദോപസുന്ദോപാഖ്യാനം, ധ്രുവചരിതം,കാളിയമര്‍ദ്ദനം എന്നിങ്ങനെ 14-ഓളം ശീതങ്കന്‍ തുള്ളലുകളും ത്രിപുരദഹനം, പാഞ്ചാലിസ്വയംവരം, സഭാപ്രവേശം, കീചകവധം എന്നിങ്ങനെ പത്തോളം പറയന്‍ തുള്ളലുകളും കുഞ്ചന്‍ നമ്പ്യാര്‍ സംഭാവന ചെയ്തിട്ടുണ്ട്. 

മറ്റനേകം തുള്ളല്‍ കഥകളുടെ കര്‍തൃത്വം അദ്ദേഹത്തില്‍ ആരോപിക്കപ്പെടുന്നുവെങ്കിലും എല്ലാം അദ്ദേഹത്തിന്റെ കൃതികളല്ല.

ബാണയുദ്ധം ആട്ടക്കഥ, ശീലാവതി നാലുവൃത്തം, രാസക്രീഡ കിളിപ്പാട്ട്, ശ്രീകൃഷ്ണചരിതം മണിപ്രവാളം തുടങ്ങിയ തുള്ളലുകള്‍ അല്ലാത്ത ചില കൃതികളും അദ്ദേഹത്തിന്‍റെ രചനകളായി കണക്കാക്കപ്പെടുന്നു.

തുള്ളലിന്റെ ഉത്ഭവം

ചാക്യാർ കൂത്ത്‌ എന്നാ കലാരൂപത്തിന് മിഴാവ് ആണ് വാദ്യമായിട്ടു ഉപയോഗിക്കുന്നത്.പൊതുവേ നമ്പ്യാർ മാർ ആണ് മിഴാവ് വായിക്കുന്നത്. പതിവ് പോലെ ഒരിക്കൽ അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ കൂത്ത്‌ നടക്കുന്ന സമയം. ചാക്യാർ അരങ്ങത്ത് കൂത്ത്‌ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു . കുഞ്ചൻ നമ്പ്യാർ ആണ് മിഴാവ് വായിക്കുന്നത്. ആളുകളുടെ ആവേശം കൂടുന്നതനുസരിച്ച് ചാക്യാർ തന്റെ കഴിവുകളെ പുറത്തെടുത്തു തുടങ്ങി. പാവം നമ്പ്യാർ കൂത്തിനിടയ്ക്കൊന്നു മയങ്ങി പോയി. ചാക്യാർ വിട്ടുകൊടുക്കുമോ ? നമ്പ്യാരെ അങ്ങേയറ്റം പരിഹസിച്ചു. നമ്പ്യാർ ചക്യർക്കു തക്കതായ മറുപടി നൽകണം എന്ന ഉറച്ച തീരുമാനത്തോടെ അന്ന് തന്റെ ഇല്ലത്തേക്ക് മടങ്ങി.

ചാക്യരോടുള്ള പ്രതികാരസൂചകമായി ഒറ്റ രാത്രി കൊണ്ട് പുതിയ ഒരു കലാരൂപത്തിന് ജന്മം നൽകി.അതാണ് "തുള്ളൽ". അടുത്ത ദിവസം ക്ഷേത്രത്തിന്റെ ഒരു വശത്ത് കൂത്ത്‌ തകൃതിയായി നടക്കുന്നു. പൊടുന്നന്നെ മറ്റൊരു ഭാഗത്ത്‌ അതാ നല്ല താളഭാവങ്ങളോട് കൂടിയ പാട്ട് കേൾക്കുന്നു. കൂത്ത്‌ കണ്ടു കൊണ്ടിരുന്ന ആളുകൾ ഇതെന്താ കഥ എന്ന ഭാവത്തിൽ തുള്ളൽ നടക്കുന്ന വേദിയിലേക്ക് തിരിച്ചു. നോക്കുമ്പോൾ തികച്ചും നവീനവും ആസ്വാദ്യകരവും ആയ ഒരു നൃത്ത രൂപം. ഇതാണ് തുള്ളൽ. അങ്ങനെ ചാക്യാരുടെ കൂത്തിന് ആളുകൾ ഇല്ലാതായി.

നമ്പ്യാർ ആദ്യം അവതരിപ്പിച്ചത് ശീതങ്കൻ തുള്ളൽ ആയിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യത്തെ കഥ കല്യാണസൗഗന്ധികം ആയിരുന്നു

 തുള്ളല്‍

കേരളത്തിലെ ഒരു ദൃശ്യകല.

ഓട്ടൻ, പറയൻ, ശീതങ്കൻ, എന്നീ മൂന്നു തരം തുള്ളലുകൾ 



ഓട്ടൻ തുള്ളൽ




മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.

ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.ഓട്ടനിൽ തരംഗിണീവൃത്തമാണ് ഉപയോഗിക്കുന്നത്.

ഓട്ടൻതുള്ളലിലെ വേഷക്രമം കഥകളിയുടെതിനോട്‌` വളരെ അടുത്തിരിക്കുന്നു. തലയി ഭംഗിയുള്ള കിരീടം, ഉരസ്സിനേയും, ഉദരത്തേയും മറയ്ക്കുന്ന മാർമാലയുംകഴുത്താരവും,കൈയിൽ തോൽക്കൂട്ടുംപരത്തിക്കാമണിയും, അരയിൽ അമ്പലപ്പുഴക്കോണകം എന്നു പറയാറുള്ള തുണിനാടകൾകൊണ്ടുണ്ടാക്കിയ പാവാടയും ശരമുണ്ടും, കാലിൽ ചിലങ്കകൾ- എന്നിവയാണ്  ഓട്ടനിലെ വേഷങ്ങൾ.

                                    ശീതങ്കൻ തുള്ളൽ

കേരളത്തിലെ ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ്‌ ശീതങ്കൻ തുള്ളൽ. തുള്ളൽകഥകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളിൽ ഒന്നാണിത്. വേഗത്തിൽ പാടേണ്ടത് ഓട്ടൻ തുള്ളലിനാനെങ്കിൽ , ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് വേണം പാടാൻ. പതിഞ്ഞരീതിയിൽ പാടേണ്ടതാണ് പറയൻ തുള്ളൽ. ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളലാണ് ശീതങ്കൻ.

അവതരണം

പൊതുവേ പാതിരായ്ക്കാണ് ശീതങ്കൻ തുള്ളൽ അവതരിപ്പിക്കാറ്. തുള്ളൽ അവതരിപ്പിക്കുന്നതിന് മൂന്ന് പേർ ആവശ്യമാണ്‌. വേഷം കെട്ടുന്ന നടനാണ് ഒരാൾ. അദ്ദേഹമാണ് തുള്ളൽക്കഥ പാടി അഭിനയിച്ച് കാണിക്കുന്നത്. മറ്റൊരാൾ തൊപ്പി മദ്ദളക്കാരൻ. ഇനിയുമൊരാൾ താളക്കാരൻ അഥവാ കൈമണിക്കാരൻ. തുള്ളൽ പകലോ രാത്രിയിലോ അവതരിപ്പിക്കാം. രംഗത്ത് വിളക്ക് വയ്ക്കാറില്ല.

                                  വേഷവിധാനം

തുള്ളൽക്കാരൻ മുഖത്ത് മഞ്ഞ നിറത്തിലുള്ള പൊടി തേച്ച് മിനുക്കി  കണ്ണും പുരികവും എഴുതി പൊട്ട് തൊടുന്നു.ശീതങ്കൻ തുള്ളലിൽ കിരീടം അണിയാറില്ല. പകരം'കൊണ്ട' കെട്ടി കുരുത്തോലയിൽ നിർമ്മിക്കാപ്പെട്ട 'കൊണ്ടത്താമര' വെച്ചുകെട്ടും. കൈയിലും, മെയ്യിലും കുരുത്തോല കൊണ്ടുണ്ടാക്കിയ മെയ്യാഭരണങ്ങളും ധരിച്ചാൽ ശീതങ്കൻ തുള്ളലിന്റെ വേഷമായി. കാലിലെ കെച്ചമണിയും ഓട്ടന് തുള്ളലിന്റേതു പോലെ തന്നെ. മുഖത്ത് മഞ്ഞതേച്ച് മിനുക്കാതെയും ചില ദിക്കുകളിൽ ശീതങ്കൻ അവതരിപ്പിച്ച് കാണുന്നു.ശീതങ്കൻ തുള്ളലിൽ കൂടുതലായി ഉപയോഗിച്ച് വരുന്ന വൃത്തമാണ്‌ കാകളി


പറയൻ തുള്ളൽ




    പറയൻ തുള്ളൽ രാവിലെ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ്‌. മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന്‌ പതിഞ്ഞ ഈണവും താളവുമാണുള്ളത്. മല്ലിക എന്ന സംസ്കൃതവൃത്തമാണ്‌ ഇതിൽ കൂടുതലായും ഉപയോഗിക്കുന്നത്.

വേഷവിധാനം

തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്‌‍. കണ്ണിനു പുരികമെഴുത്തു മാത്രമേ ഉള്ളു. കൈമെത്ത, അമ്പടി, അരയിൽ ശരമുണ്ടം കട്ടിയാവും കൊണ്ടുള്ള ഉടുത്തുകെട്ട്, വലതുകാലിൽ ചിലമ്പ്, കച്ചമണി എന്നിവയും ധരിക്കുന്നു. നടൻ നാഗപടത്തോടുകൂടിയുള്ള കിരീടമാണ്‌ ധരിക്കുന്നത്.

അധിക വായനക്കായ് 

                   മിഴാവ്



                                           

കേരളത്തിലെ പുരാതന രംഗ കലകളായ കൂടിയാട്ടം, കൂത്ത് എന്നിവയ്ക്ക് അകമ്പടിയായി വായിക്കുന്ന ഒരു വാദ്യോപകരണമാണ് മിഴാവ്. അമ്പലവാസി, നമ്പ്യാർ സമുദായാംഗങ്ങളാണ് മിഴാവു വായിക്കുക.

  കുഞ്ചൻനമ്പ്യാർഉപയോഗിച്ചിരുന്നഅമ്പലപ്പുഴശ്രീകൃഷ്ണക്ഷേത്രത്തിൽസൂക്ഷിച്ചിരിക്കുന്നമിഴാവ്  

കല്യാണസൗഗന്ധികം – കുഞ്ചൻനമ്പ്യാർ

പന്നിയിറച്ചിയ്ക്കു തുല്യമായിട്ടു മ -
റ്റൊന്നില്ല മാംസത്തിലെന്നു ബോധിക്കണം

മെച്ചത്തിലുള്ളൊരു വീര്യഭാവങ്ങളും
കച്ചകെട്ടിച്ചില തൊങ്ങലും വാലുമി -
ട്ടത്യന്തഘോഷമാം വേഷം ഭയങ്കരം
കുണ്ഠേതരം നല്ല നായാട്ടുനായ്ക്കടെ
കണ്ഠേ ഘണാഘണസംഘോഷശൃംഖല -
കൊണ്ടു മുറുക്കിപ്പിടിച്ചു പിൻഭാഗത്തു
മണ്ടിച്ചുകൊണ്ടു നടക്കുന്നിതു ചിലർ;

പെണ്ണിന്റെചൊൽ കേട്ടു ചാടിപ്പുറപ്പെട്ടു
പൊണ്ണൻ മഹാഭോഷനയ്യോ! മഹാജളൻ!

ബാലി വിജയം – കുഞ്ചന്‍ നമ്പ്യാര്‍

രാവണനെന്നതു കേള്‍ക്കും നേരം
ദേവകളൊക്കെ വിറച്ചീടുന്നു.
കേവലമിഹ ഞാന്‍ ഭദ്രം പറക
ല്ലേവര്‍ക്കും ഭയമുണ്ടിഹ നിന്നെ

വാനവര്‍ വരനുടെ മകനായിട്ടൊരു
വാനരുണ്ടീ ഭുവനതലത്തില്‍
നാനാജനവും മാനിക്കുന്ന ഭ
വാനെക്കൊണ്ടു ദുഷിച്ചീടുന്നു
ആശരവരനാം നിന്നെക്കൊണ്ടൊരു
കീശന്‍ വളരെ ഹസിച്ചീടുന്നു
നാശമവനു വരുത്തീടാഞ്ഞാല്‍
മോശം നിന്നുടെ കാര്യമശേഷം

കല്യനവന്‍ പറയും മൊഴി നിന്നൊടു
ചൊല്ലുവതിന്നു ഭയം കുറെയുണ്ട്
പുല്ലുമെനിക്കു ദശാസ്യനുമൊക്കു
മിതെല്ലാമവനുമുരച്ചീടുന്നു

നല്ലൊരു വടികൊണ്ടവനെത്തല്ലി
പ്പല്ലുകളൊക്കെയുതിര്‍ത്തുടനവനുടെ
എല്ലുകളുളളതടിച്ചു നുറുക്കി
കൊല്ലാക്കൊല ചെയ്തവനുടെ അരയില്‍
നല്ലൊരു വളളി വലിച്ചു മുറുക്കീ
ട്ടെല്ലായിടവും കൊണ്ടുനടക്കണ
മല്ലാതെ കണ്ടവനുടെ ഗര്‍വുക
ളെല്ലാമിന്നു ശമിക്കുകയില്ല.

മൂക്കു തുളച്ചൊരു ചരടും കോര്‍ത്ത
ക്കാല്‍ക്കുമരയ്ക്കും ചങ്ങലയിട്ടൊരു
മുക്കില്‍പ്പെരിയൊരു കുറ്റി തറച്ചു
തളയ്ക്കണമെന്നേ മതിയായുളളൂ
ഇക്കണ്ട കിടാങ്ങള്‍ക്കു കളിപ്പാ
നക്കപി കൊളളാമെന്നു ധരിക്ക
ഇക്ഷണമതിനു പുറപ്പെട്ടീടുക
രാക്ഷസകുല മൗലേ മടിയാതെ

എന്തൊരു വിധമിതു പംക്തിമുഖാ, തവ-
ഭ്രാന്തു പിടിച്ചവനെന്ന കണക്കെ
സ്വാന്തേ തങ്ങടെ കരബലമൊന്നും
ചിന്തിക്കാതെ പറഞ്ഞീടുന്നു.

ഉല്‍ക്കടവീര്യനതെങ്കിലുമിന്നൊരു
മര്‍ക്കട കീടനെയങ്ങു ജയിപ്പാന്‍
രാക്ഷസരൊക്കെ നടക്കണമെന്നതി
രൂക്ഷതയോടെ പറഞ്ഞതുമുചിതം
ആയുധപാണികളായിട്ടൊരു പതി
നായിരമാളുകളോടിട ചേര്‍ന്ന്
പോയീടുന്നതു കൊളളാം പുനരുട
നായോധനമൊരു വാനരനോട്
ഈ വകയൊന്നും പറയരുതേ മമ
രാവണ ചേരുകയില്ല നിനക്ക്
സേവന്‍മാരാം ഞങ്ങള്‍ക്കും പുന
രേവം വാക്കുകളുചിതവുമല്ല

വില്ലും വേണ്ട ശരവും വേണ്ട
വില്ലാളികളിവരാരും വേണ്ട
നല്ല പരാക്രമമുളള ഭവാനൊരു
പുല്ലും സമ്പ്രതി ബാലിയുമൊക്കും
കീശനോടേല്‍പ്പാനായുധമായൊരു
പാശമതൊന്നു ധരീച്ചീടണം.


 

 

 

No comments:

Post a Comment